കൊച്ചി: പാചകവാതക ക്ഷാമത്തിന് വലിയ അളവിൽ പരിഹാരമായെങ്കിലും വിറകുകരിയുടെ വരവ് കുറഞ്ഞത് ഹോട്ടലുകൾക്ക് തിരിച്ചടിയാകുന്നു. കുഴിമന്തി, അല്‍ഫാം, തന്തൂരി എന്നിവയുടെ പാചകത്തിന് ഒഴിവാക്കാനാകാത്ത വിറകുകരിയുടെ ക്ഷാമം സമീപകാലത്തു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിത്തീര്‍ന്ന ഈ ഭക്ഷണവിഭവങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന ആശങ്ക ശക്തമായി.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വിറകുകരി എത്തുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കരി നിര്‍മാണത്തിനാവശ്യമായ വിറകിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
പാചകവാതകവില വര്‍ധിച്ചതോടെ നിരവധി ചെറുകിട വ്യവസായങ്ങളും സ്ഥാപനങ്ങളും വിറക് ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വിറകിന്റെ ആവശ്യകത ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതും കരി നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും തൊഴിലാളികളുടെ കുറവും കാരണം കരിയുടെ ഉത്പാദനം കുറഞ്ഞു. ഇതോടൊപ്പം കരിയുടെ വില വര്‍ധിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്തിട്ടുണ്ടെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടി. കേരളത്തിലേക്കു വരുന്ന വിറകുകരിയില്‍ 70 ശതമാനത്തിലധികം തമിഴ്നാട്ടില്‍ നിന്നാണ്. ബാക്കിയുള്ള 30 ശതമാനമാണു കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളത്.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരിയുടെ ലഭ്യത ഇനിയും രൂക്ഷമായേക്കുമെന്ന് വിറകുകരി വിതരണക്കാര്‍ പറയുന്നു. ഇതു മുൻകൂട്ടി കണ്ട് പല ഹോട്ടലുടമകളും കരി ലഭ്യമാക്കുന്നതിനായി മുന്‍കൂര്‍ പണം നല്കി സാധനം ഉറപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കരിയുടെ ക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അല്‍ഫാം, തന്തൂരി തുടങ്ങിയ ഭക്ഷണവിഭവങ്ങളുടെ വിലയിലും സാരമായ വർധനവുണ്ടാക്കുമെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടി.
ഈ കരി വെറും കരിയല്ല
കുഴിമന്തി, അല്‍ഫാം, തന്തൂരി, കബാബ്, ബാര്‍ബിക്ക്യൂ ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, സ്മോക്ക് ചിക്കന്‍, സ്ലോ കുക്ക്ഡ് സ്മോക്ക് ചിക്കന്‍ എന്നിവ തയാറാക്കുന്നതിനാണ് പുറത്തുനിന്നെത്തിക്കുന്ന വിറകു കരി ഹോട്ടലുകളിൽ ഉപയോഗിക്കുന്നത്. കത്തിക്കുന്ന കരിയുടെ കനലിലുള്ള ചൂടിലും പുകയിലും വേവിച്ചെടുത്താലേ ഈ വിഭവങ്ങൾക്കു തനത് മണവും രുചിയും ലഭിക്കൂ.
കരിവേലം (ജുലിഫ്ലോറ) എന്ന മരത്തിന്റെ വിറകാണ് കുഴിമന്തി, അല്‍ഫാം, തന്തൂരി വിഭവങ്ങളുടെ പാചകത്തിനാവശ്യമായ കരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നേരത്തേ ഈ വിറക് ടണ്ണിന് 4000 രൂപയോളമായിരുന്നു വില. ഇപ്പോൾ ഇരട്ടിയായെന്ന് വ്യാപാരികൾ പറയുന്നു.
ചില ഹോട്ടലുകളില്‍ ബിരിയാണിക്കു സ്മോക്കി ഫ്ളേവര്‍ നല്‍കുന്നതിനും കരി ഉപയോഗിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ചു ഷവായ് പോലുള്ള ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കാമെങ്കിലും തനത് മണവും രുചിയും ലഭിക്കില്ലെന്ന് ഷെഫുമാർ പറയുന്നു.